Sunday 13 May 2012

സ്കെപ്റ്റിക്

ഉറപ്പുകള്‍ക്ക് കാരണം തിരയുന്ന ഒരുവളോ ഒരുവനോ ആണ്‌ സ്കെപ്റ്റിക്. എല്ലാറ്റിനും ന്യായീകരണം ആവശ്യപ്പെടുന്ന ഒരുവള്‍. പൂര്‍ണ്ണമായ സ്വയംന്യായീകരണം അസാധ്യമാകുന്നു എന്ന തിരിച്ചറിവ് അവളെ അനിശ്ചിതത്വങ്ങളോട് സമരസപ്പെടുവാന്‍ പഠിപ്പിക്കുന്നു.
ആ അനിശ്ചിതത്വങ്ങളുടെ തെരുവില്‍ ഒറ്റക്കു നില്‍ക്കുന്ന ദൈവത്തോട് പേരു ചോദിച്ചത് അവളാണ്‌. നിമിഷങ്ങളോടൊത്ത് പെരുകുന്ന പേരുകളില്‍ ഏതാണ്‌ തന്റെ ശരിപ്പേരെന്നറിയാതെ പകച്ചു നിന്നുപോയി ദൈവം.  ആ തെരുവിന്റെ ഇങ്ങേക്കോണില്‍ അതേ ചോദ്യത്തില്‍ പിന്നെ അവള്‍ കുടുക്കിയത് ചെകുത്താനെയാണ്‌. തന്റെ പേരുകളെല്ലാം ദൈവത്തിനുമുള്ളതാണെന്നു കണ്ട്‌ പരിഭ്രമിച്ച ചെകുത്താന്‍ തലകുമ്പിട്ട് ആദ്യം വന്ന വണ്ടിയില്‍ കയറിപ്പോയി. പോകാന്‍ വണ്ടി കിട്ടാത്തതിനാല്‍, പാവം ദൈവം  സ്വന്തം പേരും തിരഞ്ഞ് ഇന്നും അവിടെനില്‍ക്കുന്നുണ്ടാകും.
അങ്ങിനെ ദൈവത്തിനും ചെകുത്താനും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പൂക്കൂടയും കൊണ്ട് സ്കെപ്റ്റിക്‌ ഇറങ്ങി നടക്കുന്നു. തത്വദീക്ഷകളില്ലാത്ത അനിശ്ചിതത്വങ്ങളുടെ അതേ തെരുവില്‍ നിങ്ങളെയും ഞാന്‍ കണ്ടുമുട്ടിയേക്കാം.